പിറന്നാള്‍ ചിന്തകള്‍

ഗുരുസവിധത്തില്‍
ഗുരുസവിധത്തില്‍
പതിനെട്ടാം വയസ്സില്‍ ഭാരതീയവായുസേനയുടെ ഭാഗമാകും വരെ ജന്മമാസത്തിലെ പിറന്ന നാളില്‍ അമ്മ നാട്ടിലെ ഭഗവതീക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്ന ഒരു കടുംപായസം. ദിനചര്യയില്‍ ഇല്ലാത്ത, പതിവിനു വിപരീതമായ ഒരു ക്ഷേത്രദര്‍ശനം. കഴിഞ്ഞു പിറന്നാള്‍. പുതിയ വസ്ത്രങ്ങള്‍ പോലും ഓര്‍മ്മയില്‍ ഇല്ല. ഭാരതീയവായുസേനയുടെ ഭാഗമായിക്കഴിഞ്ഞപ്പോള്‍ അമ്മ നാട്ടിലെ കടുംപായസം തുടര്‍ന്നു. പിറന്നാളും ക്ഷേത്രവും ഒക്കെ ജീവിതത്തില്‍ നിന്ന് തീര്‍ത്തും അപ്രത്യക്ഷമായി.
സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുചെന്നപ്പോള്‍ സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന അമ്മയുടെ അമ്മായി തീരുമാനിച്ച തീയതി ആയി ബര്‍ത്ത് ഡേ. യഥാര്‍ത്ഥ തീയതി അറിയില്ലായിരുന്നു എന്നതാണ് സത്യം.
ഒരു കേരളീയ കുഗ്രാമീണന്‍ എന്ന നിലയില്‍ “ബര്‍ത്ത് ഡേ ആഘോഷം” സാല്‍മ്യം വന്ന ഒരു ആചാരമായിരുന്നില്ല ഒരിക്കലും എന്‍റെ ജീവിതത്തില്‍.
“ബര്‍ത്ത് ഡേ” ആഘോഷിക്കുന്ന രീതി പരിചിതമായത് സത്യത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ ഭാഗമായിക്കഴിഞ്ഞാണ്. സത്സംഗവേദികളില്‍ ആളുകള്‍ കൂട്ടംകൂടി പാട്ടുംപാടി ജന്മദിനങ്ങള്‍ ആഘോഷിക്കുന്ന രീതി സത്യത്തില്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു ആദ്യം. പിന്നീട് അത് ശീലമായി. സന്തോഷം സ്വഭാവമാകത്ത മനുഷ്യര്‍ക്ക്, സന്തോഷിക്കാന്‍ കാരണം തേടുന്ന മനുഷ്യര്‍ക്ക്‌, ജനിച്ചതിന്‍റെ ഓര്‍മ്മദിവസം മറ്റൊരു കാരണം ആകുന്നത് സ്വാഭാവികം.
സ്വന്തം ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് സമയവും, സ്വന്തം ഹൃദയത്തില്‍ അവര്‍ക്ക് ഇടവും നല്‍കാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ സന്തോഷം അകാരണമാകും എന്ന് ശരിക്കും പഠിച്ചത് ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ കുടക്കീഴില്‍ ഒരു സ്വയംസേവകനും ടീച്ചറും ഒക്കെ ആയ നാളുകളിലാണ്‌. മറ്റുള്ളവര്‍ സ്വയമേവ നമ്മുടെ നിലനില്‍പ്പിനെ നമ്മോടുള്ള സ്നേഹം കൊണ്ട് ആഘോഷിക്കുമ്പോള്‍ ജീവിതത്തിന് എന്തൊക്കെയോ അര്‍ത്ഥതലങ്ങള്‍ ഉണ്ടാകുന്നത് ഒരു അനുഭവം തന്നെയാണ്. നാം തന്നെ നമ്മുടെ ജന്മത്തിന്‍റെ വാര്‍ഷികം ആഘോഷിച്ചിട്ട് എന്തു കാര്യം! ആ ദിനങ്ങളില്‍ ചുറ്റുമുള്ളവര്‍ പഠിപ്പിച്ചു, നമുക്കുള്ളവര്‍ നമ്മളെപ്പോലെ ഉള്ളവര്‍ ആണ് എന്ന്. ബന്ധങ്ങളുടെ വ്യര്‍ത്ഥതയും പാരസ്പര്യങ്ങളുടെ സാര്‍ത്ഥകതയും അറിയാനും കഴിഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം ഓരോ പിറന്നാളും ഒരു ഓര്‍മ്മദിവസമാണ്. ഈ ശരീരത്തിന് ഈ ഭൂമിയില്‍ അനുവദിച്ചിരുക്കുന്ന സമയത്തില്‍ ഒരു മനുഷ്യവര്‍ഷം കൂടി കഴിഞ്ഞിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലിന്റെ ദിവസം.
ഒപ്പം ഓരോ പിറന്നാളും കൃതജ്ഞതയുടെ ദിനമാണ്- ജീവിതത്തില്‍ ഇന്നോളം കിട്ടിയ എല്ലാത്തിനും, ഒപ്പം ഏറി വരുന്ന കടങ്ങള്‍ക്കും, കടപ്പാടുകള്‍ക്കും ഒക്കെ ഉള്ള കൃതജ്ഞത. (കിട്ടിയതു കൊണ്ടാണല്ലോ കടം ഉണ്ടാകുന്നത്).
ഓരോ പിറന്നാളും ഒരു കണക്കെടുപ്പു ദിവസമാണ് – ചെയ്ത കര്‍മ്മങ്ങളുടെ, നന്മതിന്മകളുടെ, വാര്‍ഷിക കണക്കെടുപ്പു ദിവസം. കണക്കെടുക്കുമ്പോള്‍ സമാധാനം – ഓര്‍മ്മകളിലെങ്ങും സഹജീവികളെ ദ്രോഹിച്ച സംഭവങ്ങള്‍ അധികമില്ല. നന്മകള്‍ കുറച്ചൊക്കെ ഉണ്ടു താനും.
ഈ ശരീരം എങ്ങനെയൊക്കെയോ നാല്‍പ്പത്തിമൂന്നു തവണ സൂര്യനെ പ്രദക്ഷിണം വെച്ചു തീര്‍ത്തു. മുജ്ജന്മപുണ്യം കൊണ്ടെന്നോണം കുറെയേറെ പുണ്യാത്മാക്കളായ മഹാനുഭാവന്മാരുടെ സംഗം സിദ്ധിച്ചു. അന്തര്‍യാമിയെ ഗുരുവായി മനുഷ്യരൂപത്തില്‍ കാണുവാനും ഭാഗ്യമുണ്ടായി. ഈശ്വരാധീനം കൊണ്ട് വലിയ ദൈന്യങ്ങള്‍ ഒന്നുമില്ലാതെ ഇതുവരെ ജീവിതയാത്ര നടന്നു. ഒരു പീഡയെറുമ്പിനും വരുത്താതെ, ഈ മഴത്തുള്ളിയുടെ സമുദ്രത്തിലേക്കുള്ള യാത്രയുടെ ബാക്കി തീര്‍ക്കണം എന്നുള്ള ആഗ്രഹം ബാക്കി.
രാമായണമാസമാണ് ജന്മമാസം. രാമതത്ത്വത്താല്‍ മുക്തി നേടിയ അസുരനായ വിരാധന്‍ പോലും പ്രാര്‍ത്ഥന ചെയ്തത് – “നിന്മായാദേവിയെന്നെ മോഹിപ്പിച്ചീടായ്ക അംബുജവിലോചനാ സന്തതം നമസ്കാരം” – എന്നാണ്. അത്രയേ എനിക്കും വേണ്ടൂ. ഒപ്പം പതിവുപോലെ സജ്ജനസംസര്‍ഗ്ഗവും.

ഭയം

ഭയം
ഭയം

അനിശ്ചിതത്വത്തെ സ്വീകരിക്കാനുള്ള
മനസ്സിന്‍റെ എതിര്‍പ്പില്‍ നിന്നാണ്
ഭയം ജനിക്കുന്നത്.
അനിശ്ചിതത്വത്തെ മനസ്സ് സ്വീകരിക്കുമ്പോള്‍
ഭയം സാഹസികതയ്ക്കു വഴി മാറുന്നു.

ജീവദാനം

വൈദ്യധര്‍മ്മം : ജീവദാനം

“നഹി ജീവിതദാനാദ്ധിദാനമന്യത് വിശിഷ്യതേ”

ജീവദാനത്തെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു ദാനമില്ല

– ചരകമഹാപ്രഭു

വര്‍ണ്ണചിന്തകള്‍

വർണ്ണമെന്നാൽ അക്ഷരം.
ഭാഷയിലെ ഏറ്റവും അടിസ്ഥാനഘടകം.
വർണ്ണമുള്ളവൻ, പഠിച്ചവൻ സവർണ്ണൻ ആയി.
വർണ്ണം, അക്ഷരം പഠിക്കാത്തവൻ അവർണ്ണൻ ആയി.

ആ സവർണ്ണൻ ഭാഷയെ ഭദ്രമായി ഉപയോഗിച്ചു.
കാരണം അക്ഷരത്താൽ രേഖപ്പെടുത്തപ്പെടത് തലമുറകൾക്ക് അറിവായി നിലനിൽക്കുമെന്ന് അവൻ അറിഞ്ഞിരുന്നു.
ആകയാൽ സംസ്കൃതമായ ഭാഷയെ ഭദ്രമായി അവൻ ഉപയോഗിച്ചു. അങ്ങനെയുള്ളവർ പൊതുവെ അങ്ങനെയല്ലാത്തവരിൽ നിന്ന് അകന്നു നിന്നിരുന്നിരിക്കാം.
സ്വാഭാവികമായി ഭാഷയെ ഭദ്രമായി ഉപയോഗിക്കാൻ അറിയാത്തവർ സവർണ്ണരിൽ നിന്നും അകന്നു നിന്നിരിക്കാം.

പൊതുവിദ്യാഭ്യാസത്തിന്റെയും മെക്കാളെ വിദ്യാഭ്യാസ രീതിയുടെയും ഫലമായി “വർണ്ണം” അക്ഷരമല്ലാതായി.
വർണ്ണം തൊലിയുടെ നിറമായി.
വർണ്ണം മറ്റെന്തൊക്കെയോ ആയി.
സവർണ്ണൻ മറ്റെന്തോ ആയി.

ഭാഷ സംസ്കൃതമാവണമെന്നും എഴുതുന്നത് ഭദ്രമാകണമെന്നും നിർബന്ധമില്ലാതായി.
മദ്യപിച്ച് മസ്തുളംഗത്തെ വികൃതമാക്കി “പുലയാട്ട്” നടത്തുന്നവൻ കവിയായി.
അവനെ “അവർണ്ണകവി” ആക്കി.
സംസ്കാരമില്ലാത്തവൻ സാംസ്കാരിക നായകനായി.
അവനെ “അവർണ്ണസാംസ്കാരിക നായകൻ” ആക്കി.
അങ്ങനെ പലതും.
മെക്കാളെയുടെ നവോത്ഥാനം അങ്ങനെ നടപ്പായി.

ഒന്നെന്നെങ്ങിനെയെഴുതാം?

കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാർക്കും എല്ലാ മതക്കാർക്കും ദിവസവും ഉരുവിടാൻ കൊടുക്കേണ്ട മന്ത്രം. കുഞ്ഞുണ്ണി മന്ത്രം….

ഒന്നെന്നെങ്ങിനെയെഴുതാം…?
ഒന്നെന്നെങ്ങിനെയെഴുതാം…?

കുത്തനെയൊരു വര കുറിയ വര…
കുത്തനെയൊരു വര കുറിയ വര…

ഒന്നായി… നന്നായി…
നന്നായി… ഒന്നായി…

നന്നായാൽ… ഒന്നാവും…
ഒന്നായാൽ… നന്നാവും…

നന്നായേ… ഒന്നാവൂ…
ഒന്നായേ… നന്നാവൂ…

ഒന്നാകാം… നന്നാകാം…
നന്നാകാം… ഒന്നാകാം…

കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാർക്കും എല്ലാ മതക്കാർക്കും ദിവസവും ഉരുവിടാൻ കൊടുക്കേണ്ട സാധനമാണ് ഇത്…
സത്യമായിട്ടും…
മന്ത്രിസഭയിലും നിയമസഭയിലും എല്ലാം ഇതു കൊടുക്കണം… ഉരുവിട്ട്, ഉരുവിട്ട്, ഉരുവിട്ടെങ്കിലും കഷ്ടിച്ച് ഒരു ഇത് വരട്ടെ …

ജനിതക യുദ്ധം

ജനിതക യുദ്ധം
ജനിതക യുദ്ധം
ഷാജിയേ, നീയെന്തിനാടാ ഈ ഈച്ചരൻ നമ്പൂരിശ്ശൻ അകത്തോട്ടു കയറുമ്പോൾ മീനാക്ഷിയമ്മ രാമൻ പിള്ളേച്ചനെ പായും വിളക്കും കൊടുത്തു പുറത്തോട്ടു പറഞ്ഞു വിടുന്ന പടം കണ്ണിൽ കണ്ട പോസ്റ്റിലെല്ലാം കമന്റ് ആയി ഒട്ടിച്ചു വെയ്ക്കുന്നത്?
 
ഹി ഹി ഹി.. അത് ഷിബുവേ, പണ്ട് ഈ മുഴുത്ത നായന്മാരുടെ തറവാടുകളിൽ ഉണ്ടായിരുന്ന പരിപാടി അല്ലാരുന്നോ സമ്മന്തം. ഈ മുഴുപ്പു പറയുന്ന നായന്മാരൊക്കെ കണ്ട നമ്പൂരിമാരുടെ സന്താനങ്ങൾ ആണെന്നേ.
 
അതിനു നിനക്കെന്താടാ ഷാജീ വിഷമം? നായന്മാർ വിഷമിച്ചാൽ പോരെ?
 
ഒന്നു പോടാ ഉവ്വേ… അല്ല പിന്നേ, നമ്പൂരിമാർക്ക് സമ്മന്തത്തിൽ ഉണ്ടായവന്മാരൊക്കെയാണ് നായര്, പുള്ള, കർത്താവ്, കുറുപ്പ് , മേനോൻ അങ്ങനെ ജാട കാണിക്കാൻ ഓരോ ജാതിവാലും താങ്ങി നടക്കുന്നത്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.
 
അതിന് നിനക്കെന്താ ഷാജിയേ, നീയും നിൻറെ ജാതിപ്പേര് സ്വന്തം പേരിൻറെ കൂടെ വെച്ച് നടക്കിന്. വെറുതെ എന്തിനാണ് ഇന്നില്ലാത്ത ഒരു ആചാരത്തിൻറെ പേരിൽ പഴങ്കഥയും പറഞ്ഞു വെറുതെ കുത്തിത്തിരുപ്പുണ്ടാക്കുന്നത്?
 
അങ്ങനെയല്ല ഷിബൂ… ജാതിവാലും താങ്ങി നടക്കുന്ന ജാതി ഭ്രാന്തന്മാരെ അങ്ങനെ വിട്ടാൽ പറ്റില്ല, ഈ ഫോട്ടോ കാണുമ്പോൾ അവന്മാർ നാണം കെടും. നായരച്ചിമാർ, ശൂദ്രത്തികളുടെ പഴയ ചരിത്രമേ…
 
ഷാജീ, സത്യത്തിൽ നിൻറെ വിഷമത്തിനും ചൊറിച്ചിലിനും പുകച്ചിലിനും കാരണം അതൊന്നുമല്ല. അതൊന്നും പറഞ്ഞാൽ നിനക്കു മനസ്സിലാകുകയുമില്ല.
 
ഓ, നിൻറെ വേദാന്തമൊന്നും ചുമക്കാൻ ഞങ്ങളെ കിട്ടില്ല…
 
ഷാജീ, കിട്ടില്ല, അതാണ് സത്യം.
പണ്ട് മീനാക്ഷിയമ്മ പായും വിളക്കും കൊടുത്തു പറഞ്ഞു വിട്ടിട്ടു ഈച്ചരൻ നമ്പൂരിയെ അറയിലേക്ക് കയറ്റുമ്പോൾ ആ പാവം രാമൻ പിള്ളയുടെ മനസ്സിൽ എന്തായിരിക്കും തോന്നിയിരിക്കുക? തീർച്ചയായും, നമ്പൂരിയോടും നായരച്ചിയോടും പക, വിഷമം, വെറുപ്പ്, നിസ്സഹായത… അല്ലേ?
 
ഉറപ്പ്, എന്താ സംശയം?
 
അതാണ്. വീട്ടിൽ ചായ കിട്ടിയില്ലെങ്കിൽ സാധാരണ ആണുങ്ങൾ എന്താ ചെയ്ക ഷാജീ? വേറെ എവിടെയെങ്കിലും ചായ കിട്ടുന്നയിടത്തു പോയി കുട്ടിക്കും. ശരിയല്ലേ…?
 
ഉവ്വ് .. എന്തേ?
 
ഷാജീ, രാമൻപിള്ളമാർ ചെയ്തത് അതു തന്നെയാണ്. മീനാക്ഷിയമ്മമാർ ഇറക്കിവിട്ടപ്പോൾ രാമൻപിള്ളമാർ ചൂട്ടും കത്തിച്ച് തറകളും ചിറകളും കളങ്ങളും തേടിപ്പോയി. ബാക്കി പറയണ്ടല്ലോ. ഈച്ചരൻ നമ്പൂരീമാരുടെ പിള്ളേരെ മീനാക്ഷിയമ്മമാർ വളർത്തിയപ്പോൾ, രാമൻപിള്ളമാരുടെ സന്താനങ്ങളെ മറ്റു പലരും വളർത്തി. ആ മക്കളുടെ ജനിതകങ്ങളിൽ രാമൻപിള്ളമാർ ജീവിച്ചു, മീനാക്ഷിയമ്മമാരോടും ഈച്ചരൻ നമ്പൂരിമാരോടും ഉള്ള പകയും വെറുപ്പും ദേഷ്യവും പേറി. ആ മക്കളുടെ തലമുറകളിലൂടെ രാമൻപിള്ള ജനിതകനായി ജീവിച്ച് നായരച്ചിയോടും നമ്പൂരിച്ചനോടും ഉള്ള പക ഫേസ്ബുക്കിൽ ഈ ഫോട്ടോ ഒട്ടിച്ചും തെറി വിളിച്ചും ആനന്ദിക്കുന്നു…
 
ചുരുക്കത്തിൽ മീനാക്ഷിയമ്മമാരുടെയും ഈച്ചരൻ നമ്പൂരിമാരുടെയും സമ്മന്തത്തിന്റെ കഥ ആർക്കെങ്കിലുമൊക്കെ ചൊറിച്ചിൽ ഉണ്ടാക്കുകയോ, അവരുടെ പിൻതലമുറയെ ആക്ഷേപിക്കുന്നതു വഴി ആനന്ദമുണ്ടാവുകയോ ചെയ്യുന്നുണ്ടെങ്കിൽ, അവർക്ക് സധൈര്യം പിള്ളയെന്നോ നായരെന്നോ ഒക്കെ വാല് വെയ്ക്കാം. സംശയമുണ്ടെങ്കിൽ DNA പരിശോധിച്ചു നോക്കാം. രാമൻപിള്ളമാർ അവിടെ കാണും.
 
ജനിതകൻ രാമൻ പിള്ള ഭീകരനാണ്!

സമത്വവും ഭേദവും

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടു കേൾക്കുന്നതാണ്, ദുഷ്ടന്മാരായ മേൽജാതിക്കാർ കീഴ്‌ജാതിക്കാരെ അടിച്ചമർത്തി അടിമകളാക്കി വെച്ചിരുന്നു കൊണ്ടാണത്രേ ഭാരതത്തിൽ താഴ്ന്ന ജാതിക്കാർ സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും അധഃപതിച്ചത് എന്ന്. വായിച്ച സാഹിത്യകൃതികളും അതേ കാര്യം തന്നെ ആവർത്തിച്ചു പറഞ്ഞു. കണ്ട പല സിനിമകളും അതുതന്നെ ആവർത്തിച്ചു. ആ അറിവാണ് സത്യത്തിൽ വ്യവസ്ഥിതിയെ വെറുക്കാനും എതിർക്കാനും നാട്ടിലും വീട്ടിലും “റിബൽ” ആകാനുമുള്ള പ്രചോദനമായത് എന്ന് ഇന്ന് തോന്നുന്നു.

പിന്നീട് എപ്പോഴോ മറ്റൊരു ചോദ്യം സ്വയമേവ ഉദിച്ചു. ഭാരതത്തിൽ വർണ്ണഭേദവും, പിന്നീട് ജാതിഭേദവും ഉണ്ടായിരുന്നതു കൊണ്ടാണ് കീഴ് ജാതിക്കാർക്ക് ദുരവസ്ഥ ഉണ്ടായതെങ്കിൽ, ഭാരതത്തിലേതു പോലത്തെ വർണ്ണവും ജാതിയും ഒന്നും ഇല്ലാതിരുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും, റെഡ് ഇന്ത്യക്കാരുടെ അമേരിക്കയിലും, ആൻഡമാൻ ദ്വീപുകളിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഉണ്ടായിരുന്ന തദ്ദേശീയരായിരുന്ന മനുഷ്യർ സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഏറ്റവുമധികം പുരോഗമിക്കേണ്ടതായിരുന്നില്ലേ?

അങ്ങനെ സംഭവിച്ചില്ലല്ലോ!

അപ്പോൾ വർണവും ജാതിയുമായിരുന്നോ ശരിയായ പ്രശ്നം?

വർണ്ണഭേദം മാറ്റാൻ പോയപ്പോൾ ജാതിഭേദം വന്നു. ജാതിഭേദം മാറ്റാൻ പോയപ്പോൾ മതഭേദവും ഭാഷാഭേദവും സാമ്പത്തികഭേദവും രാഷ്ട്രീയപാർട്ടിഭേദവും വന്നു. “ഭേദം” ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഇവിടെയൊക്കെത്തന്നെ നിലനിന്നു, നില നിൽക്കുന്നു, നില നിൽക്കും എന്നതാണ് വാസ്തവം.

വ്യവഹാരത്തിൽ എല്ലാവരും സമന്മാരാവുന്ന അവസ്ഥ അപ്രായോഗികമാണ്. പ്രകൃതിയിൽ അങ്ങനെയൊരു സമത്വം സാധ്യമാണ് എന്ന് തോന്നുന്നില്ല.

സത്യത്തിൽ സമൂഹത്തിൽ ഭേദം നിലനിൽക്കുകയും, ചിലർ ഉന്നതന്മാരായിരിക്കുകയും ചെയ്തതു കൊണ്ടല്ലേ താഴെയുള്ളവർക്ക് ഉന്നതങ്ങളിൽ എത്തണം എന്ന ആഗ്രഹം തന്നെയുണ്ടായത്? തഥാകഥിത ഉന്നതരുടെ കൂട്ടത്തിൽ നിന്ന് ഇറങ്ങി താഴേക്കു വന്നവരല്ലേ സത്യത്തിൽ “ഉയരണം” എന്ന ആഗ്രഹം താഴെയുള്ളവരുടെ ഉള്ളിൽ ജ്വലിപ്പിച്ചത്?